Thursday, February 24, 2011

ഗദ്ദാമ കമലിന്റെ പിന്‍ നടത്തം

“എന്റെ മേനിയഴകിന്റെ രഹസ്യം ; പരിമള സോപ്പ് “ സുന്ദരി കുളത്തിലേയ്ക്ക് ചാടൂമ്പോള്‍ ക്യാമറ എവിടെ വയ്ക്കണം ? ശ്യാമളയുടെ വിജയന്‍ മാഷിന്റെ ഉത്തരം : “ ക്യാമറയും കൂടെ ചാടട്ടെ “ ഇതേ ചോദ്യം ഇന്നു കമലിനോട് ചോദിച്ചാല്‍ എന്താവും ഉത്തരം ? “ക്യാമറ കുളത്തിലിരിക്കട്ടെ“ എന്നു തന്നെ. സംശയമുള്ളവര്‍ , നല്ലവനായ കമല്‍ സംവിധാനം ചെയ്ത് കുളമാക്കിയ ‘ഗദ്ദാമ ‘ ഒരു വട്ടം കാണുക. അല്ല നല്ലവനായ കമല്‍ തിരക്കഥ എഴുതി കുളമാക്കിയ ‘ഗദ്ദാമ‘.

സീന്‍ 1 വൈധവ്യം

നിവൃത്തികേടുകൊണ്ടാവണം അശ്വതി ഗദ്ദാമയാവാന്‍ പോകുന്നത്. എന്നാലല്ലേ കഥയ്ക്കൊരു പഞ്ച് കിട്ടൂ. JCB ഡ്രൈവര്‍ ജോലിയും അതിനുമാത്രം ഗുണ്ടായിസവും ഉള്ള ബിജുമേനോണ്‍ ഇങ്ങനെ പുര നിറഞ്ഞു നില്‍ക്കെ ഭാര്യയെ ഇറക്കിക്കൊണ്ടുവരുന്നതെങ്ങനെ? പ്രതിഭകള്‍ തല പുകഞ്ഞു, അതാകിട്ടീ ശ്ലോകം:
ജംബൂ ഫലോനി പക്വാനി ,
പദന്തി വിമലേ ജലേ ,
കപി കസിത ശാഖാഭ്യാ
ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു.
ആരോ വെള്ളത്തില്‍ വീഴുന്നു. നായകന്‍ പുറകെ ചാടുന്നു. വീണവന്‍ കരയില്‍ - നായകന്‍ കയത്തില്‍ - മൂന്നുരുള ചോറ് - ഠക് ഠക് ഠക്… കാ കാ കാ… ശുഭം! കമലിന്റെ നിവൃത്തികേടോര്‍ത്ത് കാക്കകള്‍ പോലും കരഞ്ഞുപോകും.
.................- സമയമാം രഥത്തില്‍ ഞാന്‍ .................................................

സീന്‍ 2 അസ്തിത്വ നഷ്ടം

സൌദി എയര്‍പോര്‍ട്ട്.
എട്ടും പൊട്ടും തിരിയാത്ത ,“ ചന്ദനലേപ സുഗന്ധം ചൂടിയ നായിക “ സൌദിയില്‍ പെണ്ണുങ്ങള്‍ പര്‍ദ്ദയിടണോ എന്നു പോലുമറിയില്ല പാവത്തിന്. കൊണ്ടോട്ടിക്കരി പര്‍ദ്ദക്കാരിക്ക് ഒറ്റ നോട്ടത്തില്‍ തന്നെ ആളെ പിടികിട്ടി. “ഗദ്ദാമയാണല്ലെ” അശ്വതിക്കുള്ള പര്‍ദ്ദ അവരുടെ ബാഗിലെങ്കിലും വച്ചു കൊടുത്തല്ലോ കോസ്റ്റ്യൂം ഡിസൈനര്‍ . ഭാഗ്യം.
കൊണ്ടോട്ടിക്കാരനെ / ക്കാരിയെ കണ്ടുപഠിക്കണം.
“സൌദി അറേബ്യയില്‍ ചെന്നിറങ്ങുമ്പോള്‍ തന്നെ അശ്വതിയ്ക്ക് അസ്തിത്വം നഷ്ടപ്പെടുന്നു. “എന്നു കമലിന്റെ വിശദീകരണം . കെ ഇ എന്‍ കുഞ്ഞമ്മദിനെ കളിയാക്കുവാണല്ലേ?
.................... ഒട്ടകങ്ങള്‍ വരിവരിവരിയായി ............................................

സീന്‍ 3 പീഡനം

Properties- walking stick, black sun glass.
സീറ്റ് ബെല്‍റ്റിടാതെ കാറോടിക്കുന്ന സുരാജ വെഞ്ഞാറമൂട് . പിന്‍സീറ്റില്‍ അതിക്രൂരനും ഭാവിപീഡകനുമാകുന്ന അറബി. (മേക്കപ്പ് പോരാ ട്ടൊ )
നോക്കു അയാളുടെ ക്രൂരതകള്‍. വാക്കിങ് സ്റ്റിക്കു കൊണ്ട് സുരാജിന്റെ മുതുകത്തിട്ട് ഓരോ കുത്ത്. ഇതു കണ്ടിട്ടും കള്ളുകുടിയന്മാരായ മലയാളികള്‍ക്ക് കരളലിയില്ല . അവര്‍ കാമിലാരി വാങ്ങിക്കഴിക്കട്ടെ . കരളിനു കാവല്‍ കാമിലാരി.
................... എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്... .....................

സീന്‍ 4 (സ്ത്രീ) പീഡനം തുടര്‍ച്ച

പുരപ്പുറം തൂക്കാന്‍ പുറപ്പെട്ടിറങ്ങുന്ന നായിക. ചുട്ടെടുക്കാനുള്ള കോഴികളെ തടവുന്നത് എന്തൊരിഷ്ടത്തോടെ , അറബിക്കുട്ടിയ്ക്ക് ആനയെ (ഒട്ടകത്തെയല്ല) വരച്ചുകൊടുക്കുന്നത് എന്തൊരു സ്നേഹത്തോടെ.
എതിരെ വരുന്ന തടിമാടന്‍ മന്ദബുദ്ധി. പോകുന്ന പോക്കില്‍ കുപ്പിച്ചില്ലു കൊണ്ട് ഒറ്റക്കീറ് ചോര പൊടിയവേ നായിക വിതുമ്പാന്‍ തുടങ്ങവെ പിന്നണിയില്‍ പെണ്ണറബി , ഡയലോഗ് : വന്നു പാത്രം കഴുകി വെയ്ക്കെടീ, “ (അതിങ്ങനെ മലയാളത്തില്‍ എഴുതിക്കാണിക്കണം കേട്ടൊ. ) “പറഞ്ഞാല്‍ വിശ്വസിക്കാത്ത പീഡനങ്ങള്‍ അവര്‍ അവിടെ പേറുന്നു,. എന്നു ടി വാരികയില്‍ തന്നെ കമല്‍ തുടരുന്നു.
.........................- ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍
..............................

സീന്‍ 5 പീഡനം ( non Arabic )

അര്‍ദ്ധരാത്രി . കൂര്‍ക്കം വലി. സ്വപ്നം കണ്ടു ഞെട്ടിയുണരുന്ന അശ്വതി. അടുത്ത കട്ടിലില്‍ കിടന്നിരുന്ന ഇന്തോനേഷ്യക്കാരി എവിടെ ? (അശ്വതിയെ വിധവയാക്കിയത് പുഴയും കയവും. അവളെ അനാഥയാക്കിയത് കടലും സുനാമിയും. വെള്ളത്തില്‍ മരിക്കുന്ന ബന്ധുക്കളോട് എന്താണാവോ ഒരു ക്രേസ്. ) വാതില്‍ പാതി തുറന്നു കിടക്കുന്നു. അറബി പീഡിപ്പിക്കാന്‍ കൊണ്ടുപോയെന്നു കരുതും കൊഞ്ഞാണന്‍ മാര്‍. അറബീനെ നാറ്റിച്ചിട്ട് അങ്ങനെ കണ്ടു രസിക്കണ്ട. ദുബായില്‍ പോയി ഇനീം പടം പിടിക്കാണുള്ളതാ. റോമിയോ വേഷത്തില്‍ സുരാജ് വെഞ്ഞാറമൂട്
.....................പതി പത്നി തന്‍ നിര്‍ണ്‍നയം..... സ്വാസ്ഥ്യ മഹിള , സ്വാസ്ഥ്യ കുടുംബം
ദേശീയ കുടുംബ ക്ഷേമ മന്ത്രാലയം. ഭാരത സര്‍ക്കാര്‍


സീന്‍ 6 : പലായനം
അവശയായ അശ്വതി. വിജനമായ അറബിവീട്. റ്റെലഫോണില്‍ ഉസ്മാന്റെ നിര്‍ദ്ദേശം. കിട്ടിയ തക്കത്തിനു രക്ഷപ്പെടുക തന്നെ . സിമന്റിട്ടടച്ച AC window ഒന്നു ചങ്കിടിപ്പിക്കുന്നു. എ സി ഇല്ലെങ്കില്‍ ഏണി. രണ്ടാള്‍ പൊക്കമുള്ള മതിലില്‍ നിന്നും താഴേയ്ക്ക് ചാടുന്ന നായിക.
ക്ലോസ് അപ് ഷോട്ട്. കാലില്‍ തുളഞ്ഞുകയറുന്ന കുപ്പിച്ചില്ല് .
ഏതു മറ്റവനാ അവിടെ കുപ്പിച്ചില്ല് കൊണ്ടിട്ടത്?
CUT
.................voice - kavya Madhavan...........................
.............smartek from VKC...........................
..............smartek ധരിക്കു സ്മാര്‍ട്ടാവൂ. ..................

സീന്‍ 7 ആടുവണ്ടി
.വിശദീകരിച്ചെഴുതാന്‍ മനസ്സില്ല. വേണേല്‍ ആടുജീവിതം വായിച്ചു നോക്ക്
ഒരു ക്വട്ടേഷന്‍ കേട്ടോളൂ. കാശൊന്നും തരണ്ട.
Immature poets imitate; mature poets steal.
ടി എസ് എലിയറ്റ് പറഞ്ഞതാ.

സീന്‍ 8 മസറ
മൂന്നു ഗഡാഗഡിയന്‍ മാര്‍ നോക്കി നുണയാന്‍ തുടങ്ങിയിട്ടും ഒന്നും തിരിയാത്ത പാവം നായിക.
(ഈ കാവ്യാ മാധവന്‍ എന്തൊരു പാവാ ല്ലെ? ആദ്യ സിനിമയില്‍ വെള്ളത്തില്‍ വീണുപോയ പാദസരം തിരികെ കിട്ടാന്‍ ഉമ്മ കൊടുക്കണം എന്നു കേട്ടപ്പോള്‍ നിന്ന അതേ നില്‍പ്പാ ഇപ്പോഴും , വേഷം മുപ്പതു കഴിഞ്ഞ ഉമ്മയുടേതാണെങ്കിലും.)
.......................എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരീ................................

സീന്‍ 9 റിയാദ് ഹൈവേ
.അശ്വതിയെ റോഡിലിറക്കിയിട്ട് പിന്നെയും തിരികെ വരുന്ന ഭരതന്‍. നന്മയുടെ ആള്‍ രൂപം. അശരണയായ അശ്വതിയ്ക്ക് തുണയാവുന്നവന്‍. എന്നിട്ടോ? കവലയില്‍ തന്നെ. നാലാള്‍ കാണ്‍കെ , തന്റെ ഒറ്റമുറി വീട്ടില്‍ താമസിപ്പിക്കയാ . സിനിമയാണ്, കമലാണ്, കാവ്യയാണ്… അതൊക്കെ ശരി. എന്നാലും ഇല്ലേ ഒരു മര്യാദ.
കഥ മുന്‍പൊട്ടു കൊണ്ടുപോകാന്‍ ഇങ്ങനെയൊരു വഴി കണ്ടുപിടിച്ചവന് മുന്നൂറടിയും മൂന്നു മാസം തടവും കൊടുത്താല്‍ ഞാനും വിളിച്ചേനെ ശരിയത്ത് കോടതിയ്ക്ക് സിന്ദാബാദ്.

.......................സൌദിയാ നാട്, ശരിയത്താ കോടതി. ബെട്ടും ന്നു പറഞ്ഞാ ബെട്ടും...........

അനാഥ ചോദ്യങ്ങള്‍
1. റസാഖിന്റെ ഉമ്മയെ എന്തിനാ കൊന്നു കളഞ്ഞത്? പാസ്പോര്‍ട്ട് റിന്യു ചെയ്യാത്ത അയാളല്ലെ ജയിലിലടക്കം കയറി നടക്കുന്നത്?
2. ശശി കലിംഗയെക്കൊണ്ട് എന്തിനാണിങ്ങനെ ചോറു തീറ്റിക്കുന്നത്? പെരു മഴക്കാലത്തെ സലിം കുമാറിന്റെ അമു എളപ്പായെ മലയാളികള്‍ മറക്കാത്തത് പെരുവയറനായതുകൊണ്ടല്ല കമല്‍ക്കാ..
3. മനു ജോസിനെ ബുള്‍ഗാന്‍ താടി വെയ്പ്പിച്ച് നാട്ടിന്‍പുറത്തെ ഓട്ടോ ഡ്രൈവര്‍ ഇരിക്കുന്ന മാതിരി 45 ഡിഗ്രി തെക്കു പടിഞ്ഞാറു ദിശയില്‍ ഇരുത്തിയാല്‍ മീഡിയയുടെ മനുഷ്യത്വമില്ലായമ് എന്ന ക്ലീഷേ കാണിക്കാന്‍ പറ്റുമോ? ( അവനെ റസാഖ് തല്ലിയതു നന്നായി. അല്ലെങ്കില്‍ നാട്ടുകാര്‍ തല്ലിയേനെ)

പ്രതിഭയുള്ള സംവിധായകര്‍ അറിയാത്ത കഥ, തിരക്കഥ പണികള്‍ കൂടെ ഏറ്റെടുത്ത് ചെയ്ത് നന്നാവുമായിരുന്ന സിനിമകള്‍ നശിപ്പിക്കുന്നത് കണ്ട് സങ്കടം സഹിക്കാഞ്ഞിട്ട് പറഞ്ഞു പോയതാ, ഇത്രയും –

സാരമില്ല, വിട്ടുകള.